ഭൂമിശാസ്ത്രം
കണ്ണൂര്‍ ജില്ലയില്‍ തലശ്ശേരി താലൂക്കിലെ തലശ്ശേരി ബ്ളോക്കില്‍പെടുന്ന പിണറായി ഗ്രാമപഞ്ചായത്ത് രൂപീകൃതമായത് 1961 ഡിസംബര്‍ 28-നാണ്. ഈ പഞ്ചായത്തിന്റെ വിസ്തൃതി 20.04 ച.കി.മീ. ആണ്. 95 ശതമാനം സാക്ഷരതയുള്ള ഇവിടുത്തെ മൊത്തം ജനസംഖ്യ 31275 ആണ്. ഇതില്‍ 16490 സ്ത്രീകളും 14785 പുരുഷന്‍മാരും ഉള്‍പ്പെടുന്നു. ഈ പഞ്ചായത്തിന്റെ അതിരുകള്‍ കിഴക്ക് കോട്ടയം പഞ്ചായത്തും,തെക്ക് കതിരൂര്‍,എരഞ്ഞോളി പഞ്ചായത്തുകളും, പടിഞ്ഞാറ് ധര്‍മ്മടം പഞ്ചായത്തും അണ്ടലൂര്‍-മേലൂര്‍പുഴയും, വടക്ക് പെരളശ്ശേരി, വേങ്ങാട് പഞ്ചായത്തുകളും അഞ്ചരക്കണ്ടി പുഴയും ആകുന്നു. പുഴയോട് ചേര്‍ന്ന ചതിപ്പുനിലം, എക്കല്‍മണ്ണുള്ള വയല്‍ പ്രദേശം, സമതല പ്രദേശം, ഇടത്തരം ചെരിവുകള്‍, ചെറിയ കുന്നിന്‍ പ്രദേശം എന്നിങ്ങനെ പഞ്ചായത്തിലെ ഭൂവിഭാഗങ്ങളെ അഞ്ചായി തരംതിരിക്കാം. 40 ഹെക്ടര്‍ സ്ഥലത്ത് കൃഷി ചെയ്യുന്ന നെല്ലാണ് ഇവിടുത്തെ മുഖ്യ കൃഷിയിനം. വാഴ, മരക്കിഴങ്ങ്, പയറുവര്‍ഗ്ഗങ്ങള്‍, തെങ്ങ്, കവുങ്ങ്, കശുമാവ്, പച്ചക്കറികള്‍, എന്നിവയും ഇതോടൊപ്പം കൃഷി ചെയ്തു പോരുന്നു. പിണറായി പഞ്ചായത്തിന്റെ മൂന്നു ഭാഗവും അഞ്ചരക്കണ്ടി പുഴ, കോളോട് പുഴ, ചേക്കുപുഴ, ഉമ്മഞ്ചിര പുഴ എന്നീ പുഴകളാല്‍ ചുറ്റപ്പെട്ടിരിക്കുന്നു. ഏകദേശം 16 കിലോമീറ്റര്‍ നീളമുള്ള പുഴയോരം പഞ്ചായത്തിനുണ്ട്. 142 കുളങ്ങളും, 97 പൊതൂ കിണറുകളുമാണ് ഇവിടുത്തെ പ്രധാന ജലസ്രോതസ്സുകള്‍. കൂടാതെ 72 പൊതു കുടിവെള്ള ടാപ്പുകളും പഞ്ചായത്തിലുണ്ട്. 675 തെരുവു വിളക്കുകള്‍ സ്ഥാപിച്ചിരിക്കുന്നത് ഇവിടുത്തെ വീഥികളിലെ രത്രികാല സഞ്ചാരം സുഗമമാക്കുന്നു. പാറപ്രം തെക്ക്കുന്ന്, കാറാടികുന്ന്, ആശുപത്രികുന്ന് തുടങ്ങി നിരവധി കുന്നുകളാല്‍ നിബിഡമായ ഈ പഞ്ചായത്തിലെ പ്രകൃതി രമണീയമാണ്. ചേക്കുംപാലത്തുള്ള പിണറായി പുഴയോര കേന്ദ്രം ഇവിടുത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ്. വിദേശികളും സ്വദേശികളുമായ ഗവേഷകരെ ആകര്‍ഷിക്കുന്ന മറ്റൊരിടമാണ് വീവേഴ്സ് ഇന്‍ഡസ്ട്രിയല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി. പഞ്ചായത്തിനോടടുത്തുള്ള വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍, തുറമുഖം എന്നിവ യഥാക്രമം കോഴിക്കോട് വിമാനത്താവളം, കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍, മംഗലാപുരം തുറമുഖം തുടങ്ങിയവയാണ്. തലശ്ശേരി ബസ്സ്റ്റാന്റ്, കൂത്ത്പറമ്പ് ബസ്സ്റ്റ്റേന്റ് എന്നിവിടങ്ങളിലാണ് പ്രധാനമായും റോഡ് ഗതാഗതം കേന്ദ്രീകരിച്ചിരിക്കുന്നത്. ധര്‍മ്മടത്ത് നിന്ന് തുടങ്ങി ചേക്കുപുഴ വഴി മമ്പറംപുഴ വഴി അഞ്ചരക്കണ്ടിയിലേക്ക് മുമ്പ് ജലഗതാഗതമാര്‍ഗ്ഗമുണ്ടായിരുന്നുവെങ്കിലും നിലവില്‍ യാതൊന്നുമില്ല. ചേക്കുപാലം, പാറപ്രംപാലം എന്നിവ പഞ്ചായത്തിന്റെ ഗതാഗതവികസനത്തിന്റെ ഉദാഹരണങ്ങളായി ചൂണ്ടിക്കാട്ടാം. തലശ്ശേരി-അഞ്ചരക്കണ്ടി, ആറാംമൈല്‍-പാറപ്രം കതിരൂര്‍-കായലോട്, പാനുണ്ട-ആറാംമൈല്‍ തുടങ്ങിയവയാണ് പഞ്ചായത്തിലൂടെ കടന്നുപോകുന്ന പ്രധാന റോഡുകള്‍. എടുത്തുപറയത്തക്ക വന്‍കിട വ്യവസായ സ്ഥാപനങ്ങള്‍ പിണറായി പഞ്ചായത്തിലില്ലെങ്കിലും കെട്ടിട സാമഗ്രി നിര്‍മ്മാണം, റെഡിമെയ്ഡ് വസ്ത്ര നിര്‍മ്മാണം, ഫര്‍ണീച്ചര്‍ നിര്‍മ്മാണം തുടങ്ങി ചെറുകിട വ്യവസായ യൂണിറ്റുകള്‍ ഇവിടെ സജീവമാണ്. ക്ഷീരവ്യവസായം, കള്ള്ചെത്ത്, കളിമണ്‍ വ്യവസായം, കൈത്തറി, ബീഡിതെറുപ്പ്, ചകിരി വ്യവസായം, മുള വ്യവസായം തുടങ്ങിയ പരമ്പരാഗത കുടില്‍ വ്യവസായങ്ങള്‍ ഈ പഞ്ചായത്തില്‍ ഇന്നും കാര്യക്ഷമമാണ്. ഒരു മാവേലി സ്റ്റോറും രണ്ട് നീതിസ്റ്റോറുകളുമാണ് പഞ്ചായത്തിലെ പൊതു വിതരണക്കാര്‍. ഓലയമ്പലം, കാപ്പുമ്മല്‍, പാനുണ്ട, കമ്പൌണ്ടര്‍ ഷാപ്പ്, പന്തക്കപ്പാറ, ഉമ്മന്‍ചിറ, പടന്നക്കര, പാച്ചപൊയ്ക എന്നീ സ്ഥലങ്ങള്‍ ഇവിടുത്തെ പ്രധാന വ്യാപാര കേന്ദ്രങ്ങളാണ്. പിണറായിയില്‍ ഒരു മാര്‍ക്കറ്റും ഉണ്ട്. ഹിന്ദു-മുസ്ളീം മൈത്രിയുടെ പ്രതീകമാണ് പിണറായി പഞ്ചായത്ത്. കണ്വമംഗലം ശ്രീ വിഷ്ണുക്ഷേത്രം, കപ്പറ്റ ദുര്‍ഗ്ഗാക്ഷേത്രം, അയ്യങ്കരപ്പള്ളി, കാപ്പുമ്മല്‍ മസ്ജിദ് തുടങ്ങി 45-ഓളം ആരാധനാലയങ്ങള്‍ മതസൌഹാര്‍ദ്ദത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിലകൊള്ളുന്നു. ഇവിടുത്തെ ക്ഷേത്രോത്സവങ്ങളിലും, ആണ്ടു നേര്‍ച്ചകളിലും മറ്റ് ആഘോഷങ്ങളിലും പഞ്ചായത്തു നിവാസികള്‍ ഒന്നടങ്കം പങ്കു ചേരുന്നു. പ്രിയദര്‍ശിനി ആര്‍ട്സ് & സ്പോര്‍ട്സ് ക്ളബ്ബ്, ഗാന്ധിജി ബാലജനസഖ്യം, യുവപ്രതിഭ കലാ-സാംസ്കാരിക വേദി, തുടങ്ങിയ 41 സംഘടനകള്‍ കലാകായിക-സാംസ്കാരിക രംഗത്തെ ഉന്നമനത്തിനായി നിലകൊള്ളുന്നു. പതിനഞ്ചാളം വായനശാലകളും, ഗ്രന്ഥശാലകളും പഞ്ചായത്തു നിവാസികളുടെ സാംസ്കാരിക പുരോഗതിക്കായി പ്രവര്‍ത്തിച്ചുപോരുന്നു. പിണറായിയിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍, പന്തക്കപ്പാറയിലെ പഞ്ചായത്ത് ആയുര്‍വ്വേദ ആശുപത്രി, പാറപ്രത്തുള്ള പഞ്ചായത്ത് ഹോമിയോ ആശുപത്രി എന്നിവ ഉള്‍പ്പെടുന്നതാണിവിടുത്തെ ആരോഗ്യ മേഖല. മൃഗസംരക്ഷണത്തിനായി പിണറായിയില്‍ ഒരു വെറ്റിനറി ആശുപത്രിയും കാപ്പുമ്മല്‍, പാച്ചപൊയ്ക എന്നിവിടങ്ങളില്‍ അതിന്റെ ഉപകേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. മികച്ച വിദ്യാഭ്യാസ നിലവാരമുള്ള പഞ്ചായത്തുകളിലൊന്നാണ് പിണറായി പഞ്ചായത്ത്. പാനുണ്ട ബി. യു. പി. എസ്, എ. കെ. ജി. എം. ജി. എച്ച്. എസ്, ഉമ്മഞ്ചിറ എല്‍. പി. എസ്. ഉള്‍പ്പെടെ 16 സര്‍ക്കാര്‍ വിദ്യാലയങ്ങളാണ് ഈ പഞ്ചായത്തിലിന്ന് പ്രവര്‍ത്തിക്കുന്നത്. വിവിധ മേഖലകളിലെ നിരവധി സ്ഥാപനങ്ങള്‍ പിണറായി പഞ്ചായത്തിന്റെ നാനാഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നത് കാണാം. കോഴൂര്‍, കാപ്പുമ്മല്‍ എന്നിവിടങ്ങളിലെ വൃദ്ധസദനങ്ങളാണ് ഇവിടുത്തെ സാമൂഹിക സ്ഥാപനങ്ങള്‍. നോര്‍ത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്ക്, പിണറായി സര്‍വ്വീസ് സഹകരണ ബാങ്ക്, എരുവട്ടിി വനിതാ സഹകരണ സംഘം, തലശ്ശേരി ബ്ളോക്ക് വനിതാ സഹകരണസംഘം, അതിനൂര്‍ സര്‍വ്വീസ് സഹകരണബാങ്ക്, പാനുണ്ട വനിതാ സഹകരണ സംഘം എന്നിവ ഉള്‍പ്പെട്ടതാണ് പഞ്ചായത്തിലെ സാമ്പത്തിക മേഖല. വൈദ്യൂതി ബോര്‍ഡ് ഓഫീസും കൃഷിഭവനും വില്ലേജ് ഓഫീസും പിണറായിയിലാണ് സ്ഥിതിചെയ്യുന്നത്.