ചരിത്രം

പിണറായി എന്ന സ്ഥലനാമത്തെപ്പറ്റി അവ്യക്തമായ ചില ഐതിഹ്യങ്ങള്‍ പറഞ്ഞുകേള്‍ക്കുന്നു. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് കോട്ടയം, കോലത്തുനാട് എന്നിവിടങ്ങളിലെ നാട്ടുരാജാക്കന്മാര്‍ തമ്മിലുണ്ടായ വഴക്ക്, പരശ്ശതം യോദ്ധാക്കളുടെ ജീവനപഹരിച്ച ഘോരയുദ്ധമായി പരിണമിച്ചുവെന്നും ആ യുദ്ധരംഗത്ത് യോദ്ധാക്കള്‍ കൊല്ലപ്പെട്ട് പിണമായി (ശവമായി) തീര്‍ന്ന ദേശം പിന്നീട് പിണറായി എന്നറിയപ്പെട്ടുവെന്ന് ഒരൈതീഹ്യം കേള്‍ക്കുന്നുണ്ട്. ഈ ഗ്രാമത്തില്‍ ഉള്‍പ്പെട്ട ഭൂരിഭാഗം പ്രദേശങ്ങളും മേലൂര്‍ ദേവസ്വം, പെരളശ്ശേരി ദേവസ്വം എന്നിങ്ങനെ വിവിധ ദേവസ്വങ്ങളുടെയും, കോട്ടയം ഭരണാധികാരികളുടേയും അധീനതയിലായിരുന്നു. കൂടാതെ വൈരീഘാതകന്‍ ക്ഷേത്രം, കായക്കൂല്‍ കുടുംബം തുടങ്ങിയവര്‍ക്കും ധാരാളം ഭൂസ്വത്തുക്കളുണ്ടായിരുന്നു. കോട്ടയം ഭരണാധിപനു, പിണറായി കായക്കൂല്‍കാരുമായി ബന്ധമുണ്ടായിരുന്നുവെന്നതിന് തെളിവുകളുണ്ട്. കൂടാതെ കോട്ടയം തമ്പുരാന്റെ വാരം, പാട്ടം എന്നിവ സൂക്ഷിക്കാന്‍ ഓലയമ്പലം ബസാറിന്റെ പിന്‍ഭാഗത്ത് കൂലോത്തുംമൊട്ടയില്‍ ഒരു കേന്ദ്രവുമുണ്ടായിരുന്നു. അവിടം കോട്ടയം രാജാവ് ഇടയ്ക്കിടെ സന്ദര്‍ശിച്ചു തങ്ങിയിരുന്നതിനു തെളിവുകളേകുന്ന അവശിഷ്ടങ്ങള്‍ ഇപ്പോഴും ദൃശ്യമാണ്. പരമ്പരാഗതമായി കാര്‍ഷികമേഖലയായിരുന്ന ഈ ഗ്രാമത്തില്‍, നൂറുക്കണക്കിനു ഹെക്ടര്‍ വിസ്തീര്‍ണ്ണമുണ്ടായിരുന്ന വിശാലമായ പിണറായി വയല്‍ പില്‍ക്കാലത്ത് മണ്ണിട്ടു നികത്തി പറമ്പുകളാക്കി മാറ്റിയതിനാല്‍, വിസ്തൃമായ ആ വയല്‍പരപ്പ് ഇന്ന് വെറും ഓര്‍മ്മയായി മാറിക്കഴിഞ്ഞു. തെങ്ങുകൃഷിയിലും നാളികേര ഉല്‍പാദനത്തിലും മാത്രമല്ല, കള്ളുചെത്തു വ്യവസായത്തിലും ഈ ഗ്രാമം പ്രസിദ്ധമായിരുന്നു. കണ്ണൂര്‍ ജില്ലയില്‍ ഏറ്റവും രുചികരമായ ചക്ക ഉല്‍പാദിപ്പിച്ചിരുന്നതു പിണറായിയിലായിരുന്നു. കോട്ടയം അങ്ങാടിയിലേക്ക് ശര്‍ക്കര വില്‍ക്കാന്‍ പോകുന്ന മധ്യവയസ്സ്ക്കരായ സ്ത്രീകളുടെ നീണ്ടനിര ഒരു പതിവുകാഴ്ചയായിരുന്നുവത്രെ. 1930-കളില്‍ ഇവിടെ സജീവമായിത്തീര്‍ന്ന ദേശീയപ്രസ്ഥാനത്തോടൊപ്പം കര്‍ഷക, അധ്യാപക പ്രസ്ഥാനങ്ങളും തോളോടു തോളുരുമ്മിയാണ് വളര്‍ച്ച പ്രാപിച്ചതെന്നു കാണാം. ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായി 1930-ല്‍ വിദേശവസ്ത്ര ബഹിഷ്കരണം അരങ്ങേറി. ഗ്രാമത്തെ ഇളക്കി മറിച്ച ഈ സമരത്തിന് നേതൃത്വം നല്‍കിയത് യശ്ശ:ശരീരനായ എ.കെ.ജിയും മറ്റു പ്രമുഖ നേതാക്കന്മാരുമായിരുന്നു. അയിത്തത്തിനെതിരേയും വഴി നടക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടിയും കര്‍ഷകസംഘത്തിന്റെ ആഭിമുഖ്യത്തില്‍ ഇവിടെ സമരങ്ങള്‍ അരങ്ങേറിയിട്ടുണ്ട്. 1938-ല്‍ കൃഷിക്കാരുടെമേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ടിരുന്ന വാരം, പാട്ടം എന്നിവ കുറയ്ക്കണമെന്നാവശ്യപ്പെട്ട്, കോട്ടയം രാജാവിന്റെ കോവിലകത്തേക്ക് നടത്തിയ കര്‍ഷകജാഥ പിണറായിലെ വര്‍ഗ്ഗസമരചരിത്രത്തിലെ ഉജ്ജ്വലമായൊരധ്യായമാണ്. ജന്മിത്തത്തിനെതിരെയുള്ള ജനമുന്നറ്റത്തിന്റെ ഉത്തമ ദൃഷ്ടാന്തമായിരുന്നു ഈ സമരം. 1939-ല്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് രൂപം കൊടുത്തുകൊണ്ട് പിണറായിയിലെ പാറപ്രം എന്ന സ്ഥലത്ത് നടന്ന സമ്മേളനം ഈ ഗ്രാമചരിത്രത്തിലെ ഒരു നാഴികക്കല്ലായി വിശേഷിപ്പിക്കാം. പ്രാഥമികതലത്തിലുള്ള ഔപചാരിക വിദ്യാഭ്യാസരംഗത്തും പിണറായി ഗ്രാമത്തിന് സുദീര്‍ഘമായ പാരമ്പര്യമുണ്ട്. 150-വര്‍ഷത്തിലേറെ പഴക്കമുള്ള കുളത്തുംകര ഗ്രാമ സ്കൂളാണ് പില്‍ക്കാലത്ത് തേരളയിലെ ലോവര്‍ പ്രൈമറി സ്കൂളായി രൂപാന്തരപ്പെട്ടത്. ഗ്രാമത്തിലെ സര്‍വ്വജനങ്ങള്‍ക്കും ഗുരുഭൂതരായിട്ടുള്ള കോളുഗുരുക്കള്‍, നല്ലക്കണ്ടി ശങ്കരന്‍ ഗുരുക്കള്‍, വെങ്ങാട്ടേരി ശങ്കരന്‍ മുന്‍ഷി, രൈരു ഗുരുക്കള്‍, വി.വി.കെ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെട്ടിരുന്ന വി.വി.കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍ എന്നീ മഹാത്മാക്കളുടെ  പ്രവര്‍ത്തനങ്ങള്‍ ഇവിടുത്തെ വിദ്യാഭ്യാസരംഗത്തെ ഉദ്ധരിക്കുന്നതിനു ഏറെ സഹായിച്ചിട്ടുണ്ട്. പരമ്പരാഗത വൈദ്യരംഗത്തും വിഷചികില്‍സയിലും പ്രാഗത്ഭ്യം തെളിയിച്ച നിരവധി പ്രമുഖര്‍ ഈ ഗ്രാമത്തിലുണ്ടായിരുന്നു. ഇളന്നകൂനി കുഞ്ഞിക്കണ്ടന്‍ വൈദ്യര്‍, കടവാങ്കോട്ട് മുഹമ്മദ്ഹാജി എന്നിവര്‍ പ്രശസ്ത വിഷ ചികില്‍സകരായിരുന്നു. ഹിന്ദു-മുസ്ളീം മതമൈത്രിക്ക് കേള്‍വികേട്ട ഒരു ഗ്രാമമാണ് പിണറായി. ടിപ്പുവിന്റെ പടയോട്ടക്കാലത്ത്, ചില ഹൈന്ദവ ദേവാലയങ്ങള്‍ തകര്‍ക്കപ്പെടുകയും അവിടങ്ങളില്‍ മുസ്ളീം പള്ളികള്‍ ഉയരുകയും ചെയ്തുവെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നുവെങ്കിലും അത്തരം പ്രശ്നങ്ങളൊന്നും ഇരു സമുദായങ്ങളേയും അലട്ടിയിരുന്നില്ല. 1941-ലെ പ്രകൃതിക്ഷോഭത്തിലും പ്രളയത്തിലും നശിച്ചുപോയ പടന്നകളുടെ (ഉപ്പളങ്ങളുടെ) കര എന്നര്‍ത്ഥത്തിലാണ് പടന്നക്കര പ്രശസ്തിയാര്‍ജ്ജിച്ചത്. പടന്നക്കരയില്‍ നിര്‍മ്മിക്കപ്പെട്ടിരുന്ന ടണ്‍ കണക്കിന് ഉപ്പ്, വയനാട് ചുരം വഴി വാണിക്കുകള്‍ മധ്യേന്ത്യയിലേക്ക് കടത്തികൊണ്ടു പോയതായി പറയപ്പെടുന്നു. ആ ഉപ്പളങ്ങള്‍ ഇന്ന് വിശാലമായ ജലാശയങ്ങളും തെങ്ങിന്‍തോപ്പുകളുമായി മാറിയിരിക്കുന്നു. പണ്ടുകാലത്ത് കടലായിരുന്നു എന്ന് കരുതപ്പെടുന്ന പാറപ്രം പ്രദേശത്തെ കക്കനിക്ഷേപം ധാരാളം കുടുംബങ്ങള്‍ക്ക് വരുമാന മാര്‍ഗ്ഗമായിരുന്നു. ശാലിയസമുദായക്കാര്‍ ഇടതിങ്ങി താമസിച്ചിരുന്ന തെരുവിലെ കൈത്തറി വ്യവസായത്തിനു നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. സാമുവല്‍ ആറോണ്‍, പിണറായിയില്‍ സ്ഥാപിച്ചിരുന്ന ഓട്ടുകമ്പനിയില്‍ ഉല്‍പാദിപ്പിച്ചിരുന്ന ഓട് മലബാര്‍ പ്രദേശത്തു മുഴുവന്‍ പ്രചരിച്ചിരുന്നു. കലാ-സാംസ്കാരിക രംഗത്തും ഈ ഗ്രാമത്തിനു സമ്പന്നമായൊരു പൈതൃകമുണ്ട്. തെയ്യം, തിറ തുടങ്ങിയ അനുഷ്ഠാനകലകളിലും കോല്‍ക്കളി, പൂരക്കളി തുടങ്ങിയവയിലും സുദീര്‍ഘമായൊരു പാരമ്പര്യം ഈ നാടിനുണ്ട്. കുട്ടിച്ചാത്തന്‍, മുത്തപ്പന്‍, ചാമുണ്ടി, കണ്ഠകര്‍ണ്ണന്‍, മുച്ചിലോട്ട് ഭഗവതി തുടങ്ങിയ ദൈവങ്ങളെ കെട്ടിയാടിക്കുന്ന നിരവധി കാവുകള്‍ ഗ്രാമത്തിന്റെ മുക്കിലും മൂലയിലും കാണാം. വീരപോരാളിയായിരുന്ന തച്ചോളി ഒതേനന്‍ പിണറായി സന്ദര്‍ശിച്ചതായി ഐതീഹ്യമുണ്ട്. മഹാജ്ഞാനിയും സിദ്ധനുമായിരുന്ന ശ്രീകൃഷ്ണഗിരിസ്വാമികളുടെ നിരന്തര സന്ദര്‍ശനവും ഈ ഗ്രാമത്തിലുണ്ടായിട്ടുണ്ട്. ജനജീവിതത്തിന്റെ സമസ്ത മേഖലകളേയും സ്പര്‍ശിക്കുന്ന സഹകരണമേഖല ഈ ഗ്രാമത്തിന്റെ പുരോഗതിയില്‍ നിര്‍ണ്ണായക പങ്കു വഹിക്കുന്നു. പിണറായിയെ ഒരു സഹകരണഗ്രാമം എന്നു വേണമെങ്കില്‍ വിളിക്കാം. പിണറായി വീവേഴ്സ് ഇന്‍ഡസ്ട്രിയല്‍ കോ-ഓപ്പ് സൊസൈറ്റി, പിണറായി കോ-ഓപ്പ് ബീഡി സൊസൈറ്റി, പിണറായി ക്ഷീരോല്‍പാദക സഹകരണസംഘം, പിണറായി ടൈല്‍സ് ആന്റ് സോമില്‍ വര്‍ക്കേഴ്സ് ഇന്‍ഡസ്ട്രിയല്‍ കോ-ഓപ്പ് സൊസൈറ്റി തുടങ്ങിയ സഹകരണസ്ഥാപനങ്ങളും പിണറായി ഗ്രാമത്തിന്റെ സമ്പദ്ഘടനയെ നിയന്ത്രിക്കുന്ന ഘടകങ്ങളാണ്.