ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
കണ്ണൂര്‍ ജില്ലയില്‍ തലശ്ശേരി താലൂക്കില്‍ തലശ്ശേരി ബ്ളോക്കിലാണ് പിണറായി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. പിണറായി, എരുവെട്ടി എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന പിണറായി ഗ്രാമപഞ്ചായത്തിനു 20.04 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകള്‍ കിഴക്ക് കോട്ടയം പഞ്ചായത്തും,തെക്ക് കതിരൂര്‍,എരഞ്ഞോളി പഞ്ചായത്തുകളും, പടിഞ്ഞാറ് ധര്‍മ്മടം പഞ്ചായത്തും അണ്ടലൂര്‍-മേലൂര്‍പുഴയും, വടക്ക് പെരളശ്ശേരി, വേങ്ങാട് പഞ്ചായത്തുകളും അഞ്ചരക്കണ്ടി പുഴയും ആകുന്നു. മൂന്നുഭാഗവും നദികളാല്‍ ചുറ്റപ്പെട്ട, പ്രകൃതി രമണീയവും, ജലസമൃദ്ധികൊണ്ട് ഫലഭൂയിഷ്ഠവും, സസ്യജാല സമൃദ്ധവുമായ ഗ്രാമമാണ് പിണറായി പഞ്ചായത്ത്. കുന്നുകളും, ചെരിവുകളും, സമതലവും, നദീതീരപ്രദേശവും അടങ്ങുന്നതാണ് ഇവിടുത്തെ ഭൂപ്രകൃതി. വയലുകളും, കുളങ്ങളും, തോടുകളും ഇടകലര്‍ന്ന് കിടക്കുന്ന പിണറായി തികച്ചും ഒരു കാര്‍ഷികഗ്രാമമാണ്. വടക്കും പടിഞ്ഞാറും തെക്കും ഭാഗങ്ങളില്‍ അഞ്ചരക്കണ്ടിപുഴ, മേലൂര്‍പുഴ, അണ്ടല്ലൂര്‍പുഴ, ഉമ്മന്‍ചിറപുഴ എന്നിവ പഞ്ചായത്തിനു അതിരിടുന്നു. തെങ്ങ്, കവുങ്ങ്, നെല്ല്, കുരുമുളക്, വാഴ, കശുമാവ്, മരച്ചീനി തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന കൃഷികള്‍. പുരോഗമനപ്രസ്ഥാനങ്ങള്‍ക്ക് നല്ല വേരോട്ടമുള്ള ഈ പ്രദേശത്ത് ചരിത്രബോധവും സാമൂഹ്യപ്രതിബദ്ധതയുമുള്ള ഒരു ജനതയാണ് അധിവസിക്കുന്നത്. പിണറായി എന്ന സ്ഥലനാമത്തെപ്പറ്റി അവ്യക്തമായ ചില ഐതിഹ്യങ്ങള്‍ പറഞ്ഞുകേള്‍ക്കുന്നു. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് കോട്ടയം, കോലത്തുനാട് എന്നിവിടങ്ങളിലെ നാട്ടുരാജാക്കന്മാര്‍ തമ്മിലുണ്ടായ വഴക്ക്, പരശ്ശതം യോദ്ധാക്കളുടെ ജീവനപഹരിച്ച ഘോരയുദ്ധമായി പരിണമിച്ചുവെന്നും ആ യുദ്ധരംഗത്ത് യോദ്ധാക്കള്‍ കൊല്ലപ്പെട്ട് പിണമായി (ശവമായി) തീര്‍ന്ന ദേശം പിന്നീട് പിണറായി എന്നറിയപ്പെട്ടുവെന്ന് ഒരൈതീഹ്യം കേള്‍ക്കുന്നുണ്ട്. ഈ ഗ്രാമത്തിന്റെ സാമ്പത്തികഘടനയെ പരമ്പരാഗത തൊഴില്‍മേഖലകളായ നാളികേര കൃഷിയും കള്ളുചെത്തുവ്യവസായവും ഏറെ സ്വാധീനിച്ചിട്ടുണ്ട്. 1941-ലെ പ്രകൃതിക്ഷോഭത്തിലും പ്രളയത്തിലും നശിച്ചുപോയ പടന്നകളുടെ (ഉപ്പളങ്ങളുടെ) കര എന്നര്‍ത്ഥത്തിലാണ് പടന്നക്കര പ്രശസ്തിയാര്‍ജ്ജിച്ചത്.